ഡല്‍ഹി: ഖാലിസ്ഥാനി-ഗുണ്ടാസംഘ ബന്ധം തകര്‍ക്കുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ നിരസിച്ചിരുന്നു.
ഖാലിസ്ഥാനികളും മറ്റ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളും ഇന്ത്യയിലുള അവരുടെ ആളുകള്‍ക്ക് മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ധനസഹായം നല്‍കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഖാലിസ്ഥാനി-ഐഎസ്ഐ, ഗുണ്ടാബന്ധങ്ങളെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.
യുഎപിഎ പ്രകാരം അറസ്റ്റിലായ ഗുണ്ടാസംഘങ്ങളില്‍ നിന്നും ഖാലിസ്ഥാനികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം, ഈ സംഘങ്ങള്‍ തീവ്രവാദ ധനസഹായം, ആയുധ വിതരണം, വിദേശ മണ്ണില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിലെ 13 സ്ഥലങ്ങളിലും ഹരിയാനയിലെ നാല് സ്ഥലങ്ങളിലും ഉത്തരാഖണ്ഡിലെ രണ്ട് സ്ഥലങ്ങളിലും ഡല്‍ഹിയിലും ഉത്തര്പ്രദേശിലുമായാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.