ഇംഫാല്‍:മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് സർക്കാർ. കാണാതായ രണ്ട് വിദ്യാർത്ഥികളുടെ ദാരുണമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ പ്രചരിച്ച സാഹചര്യത്തിലാണ് നിരോധനം. മൊബൈൽ ഇന്റർനെറ്റ് ഡാറ്റ സേവനങ്ങളുടെ താൽക്കാലിക നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7:45 വരെ അഞ്ച് ദിവസത്തേക്ക് തുടരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
“മണിപ്പൂരിൽ നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത്, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും മറ്റ് തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും പ്രചരിക്കുന്നത് സംസ്ഥാന സർക്കാർ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. അതിനാൽ ഇന്റർനെറ്റ്/ഡാറ്റ സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ/നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7:45 വരെ അഞ്ച് ദിവസത്തേക്ക് തുടരും”- സർക്കാർ ഉത്തരവിൽ ഉദ്ധരിക്കുന്നു.
ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് മണിപ്പൂരി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്മേട്ടില് ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര് നില്‍ക്കുന്നതായുമാണ് കാണുന്നത്. അടുത്ത ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങൾ ദൃശ്യമായിരിന്നു.
ഫിജാം ഹേംജിത്ത് (20 ), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ എത്രയും വേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
മണിപ്പൂര്‍ അക്രമം
മെയ്തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 120 ൽ അധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും 3,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂര്‍ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.