കാലാവസ്ഥ മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്നത് വന്‍ വിപത്തെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കില്‍ 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് 1.1 മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുപഠിക്കുന്ന അന്താരാഷ്ട്രസംഘടനയായ ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
ആഗോളതാപനം കേരളതീരത്തുള്പ്പെടെയുള്ളവരുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷം രണ്ട് മില്ലീമീറ്റര്‍ വെച്ചാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഇത് കേരളതീരത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമാണ്. സമുദ്രനിരപ്പില്‍നിന്ന് അല്പംമാത്രം ഉയര്ന്നുനില്ക്കുന്ന തീരനഗരങ്ങളില്‍ കഴിയുന്നവരെ ഇത് കാര്യമായി ബാധിക്കും.
680ദശലക്ഷം പേരാണ് ഇത്തരത്തില്‍ കഴിയുന്നത്. എന്നാല്‍ ചൂട് പുറന്തള്ളുന്നത് നിയന്ത്രിക്കാന്‍ രാജ്യങ്ങള്ക്കായാല് 1.1 മീറ്റര്‍ എന്നത്, 30 മുതല്‍ 60 വരെ സെന്റിമീറ്ററായി കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യംകാരണം അന്തരീക്ഷത്തിലെ ചൂടുകൂടുന്നതിനാല്‍ ഭൂമിയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതാണ് സമുദ്രനിരപ്പുയരുന്നതിന്റെ കാരണം. സമുദ്രനിരപ്പുയരുന്നത് കടലാക്രമണം കൂടാനും കാരണമാകുന്നു.സമുദ്രത്തിലുണ്ടാകുന്ന ഈ മാറ്റം നിമിത്തം ചില ദ്വീപുകളില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥവരുമെന്ന് ഐപിസിസി വ്യക്തമാക്കുന്നു.