മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്റെ ഇന്ത്യയിലെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്ററില്‍ നിന്ന് ലഭിച്ച നോട്ടീസ് പങ്കുവെച്ചു കൊണ്ട് റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഐടി ആക്ട് 2000 പ്രകാരമാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്.
‘ഹലോ ട്വിറ്റര്‍ ..ശരിക്കും എന്താണിത്’ എന്ന അടിക്കുറിപ്പോടെയാണ് റാണ അയ്യൂബ് നോട്ടീസ് പങ്കുവെച്ചത്. ‘ഇന്ത്യയുടെ പ്രാദേശിക നിയമങ്ങള്‍ക്ക് കീഴിലുള്ള ട്വിറ്ററിന്റെ ബാധ്യതകള്‍ പാലിക്കുന്നതിനായി, 2000-ലെ രാജ്യത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം ഞങ്ങള്‍ ഇനിപ്പറയുന്ന അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവച്ചു. ഉള്ളടക്കം മറ്റെവിടെയെങ്കിലും ലഭ്യമാണ്’ എന്ന് ട്വിറ്റര്‍ നല്കിയ നോട്ടീസില്‍ പറയുന്നു.
‘ഞങ്ങളുടെ സേവനം ഉപയോഗിക്കുന്ന ആളുകളുടെ ശബ്ദത്തെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും ട്വിറ്റര്‍ ശക്തമായി വിശ്വസിക്കുന്നു. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് (നിയമപാലകരോ, സര്‍ക്കാര്‍ ഏജന്‍സിയോ) ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നിയമപരമായ അഭ്യര്‍ത്ഥന ലഭിച്ചാല്‍ അക്കൗണ്ട് ഉടമകളെ അറിയിക്കുക എന്നത് ഞങ്ങളുടെ നയമാണ്.’ എന്നും നോട്ടീസില്‍ പറയുന്നു.
‘റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാല്‍ മതിയെന്നും’ ടെന്നിസ് താരം മാര്‍ട്ടിന നവരതിലോവ പ്രതികരിച്ചു. പോസ്റ്റില്‍ റാണ അയ്യൂബിനെയും ട്വിറ്ററിനെയും ടാഗ് ചെയ്തു. തനിക്കും സമാനമായി ഇമെയില്‍ ലഭിച്ചതായി പ്രസാര്‍ ഭാരതി മുന്‍ സിഇഒ ശശി ശേഖര്‍ വെമ്പട്ടിയും ട്വിറ്ററില്‍ കുറിച്ചു.