ദില്ലി: പുൽവാമ കേസിലെ പ്രതിക്ക് പ്രത്യേക എൻഐ എ കോടതി ജാമ്യം അനുവദിച്ചു എന്ന വാർത്ത തെറ്റെന്ന് എൻഐഎ. ഇയാളെ പുൽവാമ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ല എന്നും എൻ ഐ എ നല്കിയ വിശദീകരണം. കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത.
എന്നാല്‍ ഈ വാര്‍ത്തയാണ് എന്‍ഐഎ നിഷേധിക്കുന്നത്. മതിയായ തെളിവ് വേണ്ടതിനാലാണ് കുറ്റപത്രം നൽകാൻ വൈകിയതെന്നാണ് എൻഐഎ വിശദീകരണം. 2019 ഫെബ്രുവരി 14 ന് ആണ് 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടത്.കശ്മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് മലയാളിയടക്കം 40 പേര്‍ക്ക് ജീവന് നഷ്ടമായത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.