ദില്ലി: വാരണാസിയിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തികളിൽ അഞ്ച് വഷം കൊണ്ട് 52 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകൾ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1.27 കോടി രൂപയുടെ നിക്ഷേപമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യങ്ങളിൽ ഏറ്റവും വലുത്.
ആകെ ആസ്തി 2.51 കോടി രൂപയുടേതാണ്. ഇതിൽ ജംഗമസ്വത്ത് 1.41 കോടിയുടേതാണ്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. മോദിയുടെ ജംഗമ സ്വത്തുക്കൾ 2014 ൽ നിന്ന് 2019 ലേക്ക് എത്തിയപ്പോൾ 114.15 ശതമാനമാണ് വർദ്ധിച്ചത്. 2014 ൽ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത്.
നിക്ഷേപങ്ങൾക്ക് ലഭിച്ച പലിശയും പ്രധാനമന്ത്രി പദത്തിലെ വരുമാനവുമാണ് വരുമാനത്തിന്റെ സ്രോതസ്സായി പറയുന്നത്. തന്റെ പേരിൽ കേസുകളൊന്നും നിലവിലില്ലെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. ബാധ്യതകളും ഇല്ല.
വിദ്യാഭ്യാസ യോഗ്യത എംഎ
നാമനിർദ്ദേശ പത്രികയിൽ തനിക്ക് ബിരുദാനന്തര ബിരുദ യോഗ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരിക്കുന്നത്. 1967 ൽ ഗുജറാത്തിൽ നിന്ന് എസ്എസ്സി ബോർഡ് എക്സാം പാസായ ശേഷം 1978 ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പാസായെന്ന് ഇതിൽ വ്യക്തമാക്കുന്നു. 1983 ൽ അഹമ്മദാബാദിലെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്ന് വ്യക്തമാക്കുന്നു. എന്നാൽ ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ, ബിരുദാനന്തര ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടില്ല.