പുതിയ പാമ്പന്‍ റെയില്‍ പാലം ഉദ്ഘാടനം ഏപ്രില്‍ 6ന്. രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ നാല് – അഞ്ച് തിയതികളിലായാണ് പ്രധാനമന്ത്രി നരേമന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം. മടങ്ങി വന്ന ഉടന്‍ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്പാലം 535 കോടി രൂപ ചെലവഴിച്ച് റെയില്‍ വികാസ് നിഗം ലിമിറ്റഡ് ( ആര്‍വിഎന്‍എല്‍) ആണ് നിര്‍മിച്ചത്.
രാമേശ്വരത്ത് നിന്ന് താമ്പരത്തേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. രാമേശ്വരത്ത് എത്തുന്ന പ്രധാനമന്ത്രി രാമസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പൂജകളില്‍ പങ്കെടുക്കും. പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും.
രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പാലത്തിന്റെ നിര്‍മ്മാണം ഒക്ടോബറോടെയാണ് പൂര്‍ത്തിയായത്. പാമ്പന്‍ കടലിനു മുകളിലുള്ള പഴയ റെയില്‍വേ പാലത്തെ നിലനിര്‍ത്തി കൊണ്ട് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം നിര്‍മ്മാണത്തിനായി ശിലാസ്ഥാപനം നിര്‍വഹിച്ചത്.