ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ തിരികെ വരില്ല എന്ന് അറിയാമായിരുന്നു. ലോറി കണ്ടെത്തിയത് തന്നെ അന്വേഷണം ശരിയായ നിലയിൽ നടന്നത് കൊണ്ടാണ് എന്നും അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന്‍ ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ സ്കൂട്ടറും മറ്റ് ഇരുമ്പുവസ്തുക്കളും അടക്കമുള്ളവ ലഭിച്ചെങ്കിലും അർജുന്റെ ലോറിയുടേത് എന്ന നിലയിൽ കൂടുതൽ വ്യക്തത വരുത്താവുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.