മംഗലാപുരം: ഒഴിഞ്ഞ മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് നിരന്തര പരാതിയായി ഉയരുന്നതോടെ മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു സന്നദ്ധ സംഘടന നല്കിയ നിര്‍ദേശം വളരെ ഗൗരവത്തോടെ സംസ്ഥാന എക്സൈസ് വകുപ്പ് ആലോചിക്കുന്നു എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാങ്ങുന്നവരുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ എക്സൈസ് വകുപ്പിന് നല്‍കിയത്.
കാര്യം ഗൗരവകരമായി ആലോചിക്കുന്നു എന്നാണ് ഓക്തയ്ക്ക് ഈ വിഷയം സംബന്ധിച്ച് എക്സൈസ് വകുപ്പ് നല്കിയ മറുപടി. ഇത് സംബന്ധിച്ച് വകുപ്പ് തലത്തില്‍ വിശദമായ ചര്‍ച്ച നടത്തും എന്നാണ് കര്‍ണ്ണാടക എക്സൈസ് വകുപ്പ് പറയുന്നത്. കര്‍ണാടകയിലെ എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷ്ണറില്‍ നിന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മദ്യകുപ്പിയിലെ ബാര്‍കോഡും വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് പ്രകാരം പൊതുസ്ഥലത്ത് മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മദ്യകുപ്പിയിലെ ബാര്‍കോഡ് സ്കാന്‍ ചെയ്ത് മനസിലാക്കാം.
എന്നാല്‍ ഇത് പൂര്‍ണ്ണമായും ചര്ച്ചഘട്ടത്തില് ഉള്ള വിഷയമാണ് എന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നത്. ഇത് നടപ്പിലാക്കിയാല്‍ ആധാര്‍ ഇല്ലാതെ മദ്യം വാങ്ങുവാന്‍ കഴിയാത്ത അവസ്ഥ വരുമോ എന്നതായിരിക്കും മദ്യപാനികളുടെ ആശങ്ക. ഇത് വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്ക മദ്യവ്യാപാരികള്‍ക്കും ഉണ്ടാകും. ഇത്തരം കാര്യങ്ങളും ഇത് നടപ്പിലാക്കും മുന്‍പ് പരിശോധിക്കും എന്നാണ് അറിയുന്നത്. പുതിയ മദ്യം വാങ്ങുമ്പോള്‍ പഴയ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കാനുള്ള റീസൈക്ലിംഗ് രീതിയും ആലോചനയിലുണ്ടെന്നാണ് എക്സൈസ് വകുപ്പ് നല്കുന്ന സൂചന.