നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും താത്കാലിക ആശ്വാസം. കേസില്‍ ഇരുവരും ഉടന്‍ ഹാജരാകേണ്ടി വരില്ല. ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്കി. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും.
ആദ്യം കുറ്റാരോപിതരെ കേള്‍ക്കാതെ പരാതിയ്ക്ക് അനുമതി നല്‍കില്ലെന്ന പിഎംഎല്‍എ ആക്ടിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു റൗസ് അവന്യു കോടതി. ഇത് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും നോട്ടീസ് ഉടന്‍ നല്‍കണമെന്നുമായിരുന്നു ഇ ഡി കോടതിയെ ധരിപ്പിച്ചത്.
എന്നാല്‍ ഇ ഡി സമര്‍പ്പിച്ച തെളിവുകളില്‍ കോടതി ഇപ്പോഴും പൂര്‍ണമായി തൃപ്തരല്ലെന്നും കൂടുതല്‍ രേഖ ഹാജരാക്കണമെന്നും സ്പെഷ്യല്‍ ജഡ്ജ് വിശാല്‍ ഗോഗ്നെ ഇ ഡിയോട് ആവശ്യപ്പെട്ടു. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളില്‍ തെളിവുകളുടെ അഭാവമുണ്ടെന്നും കോടതി വ്യക്തമാക്കി. പാര്‍ട്ടി പത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.