സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിനു പിന്നില്‍ അനില്‍ അംബാനി കേസും.. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) ചെയര്മാന് അനില്‍ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട 2 കോര്‍ട്ട് മാസ്റ്റര്‍മാര്‍ നടത്തിയ ഒത്തുകളിയാണ് പീഡനാരോപണ നീക്കത്തിന് പിന്നിലെന്ന് സത്യവാങ്മൂലം.
സുപ്രീം കോടതിക്കു രഹസ്യരേഖയായി അഭിഭാഷകന് ഉത്സവ് ബെയിന്‍സ് നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്മാന് അനില്‍ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവു തിരുത്തിയതിന് തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ് ശര്‍മ എന്നിവരാണ് രണ്ടുമാസം മുന്‍പ് സുപ്രീം കോടതിയില്‍ നിന്നു പുറത്താക്കപ്പെട്ടത്. ഇവരും മറ്റു ചിലരുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ഉത്സവ് ബെയിന്‍സ് സത്യവാങ്മൂലം നല്‍കിയത്.
സുപ്രീം കോടതിയിലെ ചില ജഡ്ജിമാരില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് ഇടനിലക്കാരെന്ന് അവകാശപ്പെട്ട ചിലര്‍ പറഞ്ഞതായി സത്യവാങ്മൂലത്തില്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അത്തരം ഇടനിലക്കാര്‍ക്ക് സംവിധാനത്തില്‍ സ്ഥാനമില്ലെന്നും അതീവ ഗുരുതരമായ ആരോപണം വിട്ടുകളയാനാവില്ലെന്നും ജഡ്ജിമാരായ അരുണ്‍ മിശ്ര, റോഹിന്റന്‍ നരിമാന്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇടനില ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി സൂചിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പിടിച്ചെടുക്കാന്‍ സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികളെയും ഡല്‍ഹി പൊലീസ് കമ്മിഷണറെയും വിളിച്ചുവരുത്തി സുപ്രീം കോടതി നിര്‍ദേശം നല്കി. തന്റെ പക്കലുണ്ടെന്ന് അഭിഭാഷകന് പറയുന്ന കൂടുതല്‍ വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കാനും കോടതി നിര്‍ദേശിച്ചു.
.പീഡനാരോപണം ഉന്നയിച്ച സുപ്രീം കോടതി മുന്‍ ജീവനക്കാരിക്കായി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞദിവസം ഇദ്ദേഹം മറ്റൊരു സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ ജെറ്റ് എയര്‍വെയ്സ് മേധാവി നരേഷ് ഗോയല്‍, ദാവൂദ് ഇബ്രാഹിം, തട്ടിപ്പു പശ്ചാത്തലമുള്ള റൊമേഷ് ശര്‍മ്മ തുടങ്ങിയവരെ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഉത്സവ് നിലപാടെടുത്തു.