മൂവാറ്റുപുഴ: അങ്കമാലി എരുമേലി ശബരി റെയില്‍ പാതയുടെ പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ കേരളം വഹിക്കാന്‍ തയ്യാറാണന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. 2816 കോടിയുടെ പദ്ധതി ചിലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമുണ്ടായത്. 50 ശതമാനം വീതം തുല്യമായി ചിലവ് വഹിക്കുന്ന പദ്ധതികള്‍ മാത്രമേ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഏറ്റെക്കൂ എന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പകുതി ചിലവ് വഹിക്കാന്‍ സന്നദ്ധത അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗത വികസനത്തിനും സാമൂഹ്യ പുരോഗതിക്കും റെയില്‍വേ നിര്‍മ്മാണം അത്യാവശ്യമാണെന്നും ശബരിമല, ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ ശബരി റെയില്‍പാത പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയിലൂടെയാണ് സര്‍ക്കാര്‍ ധനസമാഹരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.മഞ്ഞള്ളൂര്‍ വില്ലേജ് വരെയുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. പഠനം പൂര്‍ത്തീകരിച്ച വില്ലേജുകളില്‍ ഹിയറിംഗ് നടത്തി സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലാകെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ പുതിയ അലൈന്മെന്റ് സര്‍വ്വേ പൂര്‍ത്തിയായിക്കഴിഞ്ഞു. 18 വര്‍ഷമായി മുടങ്ങിക്കിട ശബരി റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എം.പി പറഞ്ഞു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയോടൊപ്പം ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എല്‍ദോ എബ്രഹാം എം.എല്‍.എ, ആന്റണി ജോണ്‍ എം.എല്‍.എ, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, മുന്‍ എം.എല്‍.എമാരായ ബാബു പോള്‍, ഗോപി കോട്ടമുറിക്കല്‍ പി.എം ഇസ്മായില്‍, അഡ്വ. സി.കെ വിദ്യാസാഗര്‍, ജിജോ പനച്ചിനാനി, പി.ആര് മുരളീധരന്, അഡ്വ. ഇ.എ റഹിം എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഈ ആവശ്യം ഉന്നയിച്ച് സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മറ്റിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.