ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന് അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സ്റ്റാലിനടക്കമുള്ളവര്ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കെ. കനിമൊഴി, വൈകോ, ദയാനിധി മാരന് തുടങ്ങി നിരവധി എംഎല്‍എമാര്‍ക്കെതിരെയും എംപിമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനനില താറുമാറാകാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ചെന്നൈ സിറ്റി പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്.എന്നാല്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്ജിയിന്മേല് ഞായറാഴ്ച രാത്രിയില്‍ വാദം കേട്ട മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നല്‍കുകയായിരുന്നു. സായുധസേനയും അയ്യായിരത്തോളം പോലീസുകാരുമടക്കം വന്‍ സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.