സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ കീഴില്‍ വരും. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കുകയും ക്രമക്കേടുകള്‍ക്ക് തടയുകയാണ് ലക്ഷ്യം.
സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. ഇവയെല്ലാം പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോടെ പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിന്റെ അധീനതയിലാകും. കിട്ടാകടം കൈകാര്യം ചെയ്യല്‍, ഉദ്യോഗസ്ഥ നിയമനം എന്നിവയില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശം ഈ ബാങ്കുകള്‍ ഇനി പാലിക്കണം.
നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡിനെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.