സിഡ്നി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയില്‍ എത്തി. ജപ്പാന്, പാപ്പുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം തിങ്കളാഴ്ചയാണ് അദ്ദേഹം സിഡ്നിയിലെത്തിയത്. മേയ് 24 വരെ മോദി ഓസ്ട്രേലിയയില്‍ ഉണ്ടാകും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമായി മോദി ചര്‍ച്ച നടത്തും. കൂടാതെ ഇന്ത്യന്‍സമൂഹത്തിന്റെ പരിപാടിയിലും പങ്കെടുക്കും.
സിഡ്നിയില്‍ വിമാനം ഇറങ്ങിയ മോദിക്ക് ഇന്ത്യന്‍സമൂഹം ഊഷ്മളമായ സ്വീകരണം നല്കി. അടുത്ത രണ്ടുദിവസം വിവിധ പരിപാടികളില്‍ മോദി പങ്കെടുക്കും. ഓസ്ട്രേലിയയുമായുള്ള ബന്ധം അടുത്തതലത്തിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ദ ഓസ്ട്രേലിയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കിയിരുന്നു.
ഫോര്‍ട്ടെസ്ക്യൂ ഫ്യൂച്ചര്‍ ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്മാന് ആന്‍ഡ്രൂ ഫോറസ്റ്റ്, ഓസ്ട്രേലിയന്‍ സൂപ്പര്‍ സി.ഇ.ഒ. പോള്‍ ഷ്രോഡര്‍, ഹാന്‍കോക്ക് പ്രോസ്പെക്ടിങ് എക്സിക്യൂട്ടീവ് ചെയര്മാന് ജീന റൈന്‍ഹാര്‍ട്ട് തുടങ്ങിയ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തി. സിഡ്നിയിലെ ക്യുഡോസ് ബാങ്ക് അരീന സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും പരിപാടിയില്‍ പങ്കെടുക്കും. ഇരുപതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ ഇതിനകം വിറ്റുപോയെന്നാണ് വിവരം.