ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ. ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് .
കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാൻ അഞ്ച് ദിവസത്തോളം സമയം എടുക്കും.അതേസമയം, തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കർണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും.