ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഖാസിഗുണ്ടില്‍ വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരണപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ലെവ്ദോറ മേഖലയിലാണ് അപകടമുണ്ടായത്.
ശ്രീനഗറില്‍ നിന്ന് വരികയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാന്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും വാനിലുണ്ടായിരുന്നവര്‍ ദേശീയപാതയിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.
മുഹമ്മദ് നിയാസ് ഭട്ട്, ഭാര്യ മുബീന ബീഗം, മക്കളായ മറൂഫ് അഹമ്മദ് ഭട്ട്, അബ്ഷ ബാനു എന്നിവരാണ് മരിച്ചത്. നിയാസിന്റെ മകള്‍ മെഹ്വിഷ് അക്തര്‍, ഗുലാം ഖാദിര്‍ ഭട്ട്, അദ്ദേഹത്തിന്റെ മകന് മുംതാസ് അഹമ്മദ് ഭട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവെരല്ലാം ദോഡ നിവാസികളാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഖാസിഗുണ്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 337 എന്നിവ പ്രകാരം ഖാസിഗുണ്ട് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.