അദ്ദേഹത്തെയോർത്ത് ഞാൻ എന്നും അഭിമാനിക്കും, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന് വിട നൽകി ഭാര്യ ഹിമാൻഷി സൊവാമി. ഭൗതിക ശരീരം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചതിനിടെയാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.
ഉച്ചയോടെയാണ് വിനയുടെ ഭൗതികദേഹം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. പ്രിയതമൻ്റെ ഭൗതികദേഹം അടങ്ങുന്ന ശവമഞ്ചത്തെ ചേർത്തുപിടിച്ച ഹിമാൻഷി, ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞു.
“അദ്ദേഹം എവിടെയായിരുന്നാലും ഏറ്റവും മികച്ച ജീവിതം ലഭിക്കട്ടെ. എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ ഓർത്ത് അഭിമാനിപ്പിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.
ലോകം ഇപ്പോഴും നിലനിൽക്കുന്നത് അദ്ദേഹം കാരണമാണ്, എല്ലാ വിധത്തിലും നാം അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കണം… എല്ലാ വിധത്തിലും…”- പ്രിയമതൻ്റെ ശവമഞ്ചത്തിലേക്ക് മുഖം ചേർത്തുവെച്ച് ഹിമാൻഷു പറഞ്ഞു. തുടർന്ന് ‘ജയ് ഹിന്ദ്’ മുഴക്കി സല്യൂട്ട് നൽകി.
ഈ മാസം 16ന് വിവാഹിതരായ വിനയ് യും ഹിമാൻഷിയും മധുവിധു ആഘോഷിക്കാനായി പഹൽഗാമിൽ എത്തിയതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈസരൻ താഴ്വരയിൽ പ്രിയതമൻ്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ച് ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം നിറകണ്ണുകളോടെയാണ് രാജ്യം കണ്ടത്.
ഹരിയാനയിലെ കർണാൽ ജില്ലയിലെ ഭുസ്ലി സ്വദേശിയാണ് വിനയ് നർവാൾ. നിലവിൽ വിനയ് യുടെ കുടുംബം കർണാൽ സിറ്റിയാണ് താമസം.ഉത്തരഖാണ്ഡിലെ മസൂറിയിൽവെച്ച് ഇക്കഴിഞ്ഞ 16നാണ് വിനയ് 24കാരിയായ ഹിമാൻഷിക്ക് താലിചാർത്തിയത്. 19ന് ഇരുവരുടെയും വിവാഹ റിസപ്ഷൻ നടന്നിരുന്നു. മധുവിധു സ്വിറ്റ്സർലൻഡിൽ ആഘോഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വിസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ പദ്ധതിയിൽ മാറ്റംവരുത്തി കശ്മീരിലേക്ക് പുറപ്പെടുകയായിരുന്നു.