മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ വച്ച സംഭവത്തില്‍ പിടിയിലായ പ്രതി ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മംഗളുരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാവിലെ ഏഴരയ്ക്കാണ് ആദിത്യറാവു ബംഗളൂരു ഐജി ഓഫീസിലെത്തി താനാണ് വിമാനതാവളത്തിൽ ബോംബ് വച്ചതെന്ന് അറിയിച്ചത്. ബംഗളുരു വിമാനത്താവളത്തിൽ നേരത്തെ ആദിത്യ റാവു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല, ഈ ജോലി ലഭിക്കാഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് വിമാനത്താവളത്തില്‍ ബോംബ് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും തെളിവില്ല. വ്യാജരേഖകൾ ഉപയാഗിച്ച് നേരത്തെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കി. പിന്നീട് ഇയാള്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇയാള്‍. ആദിത്യക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തു നിര്‍മ്മിച്ചതെന്നാണ് ആദിത്യ പൊലീസിന് നല്കിയ മൊഴി.