ബംഗളുരു: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ ഹൊന്നാലിയില്‍ ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണു ബിജെപി എംഎല്‍എ എം.പി. രേണുകാചാര്യ മുസ്ലിംകള്‍ക്കെതിരേ ഭീഷണി മുഴക്കിയത്.
ബിജെപിക്കു വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിം വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വികസനം നടത്തില്ലെന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. തന്റെ മണ്ഡലമായ ഹൊന്നാലിയെ പൂര്‍ണമായും കാവിപുതപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണു രേണുകാചാര്യ.
പള്ളികളില്‍ ഇരുന്നു ഫത്വ നല്കുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികള്‍ പ്രാര്‍ഥിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലേ?. പകരം ഇവിടെ നിങ്ങള്‍ ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നു. ഇതിനാണോ നിങ്ങള്‍ പള്ളിയില്‍ പോകുന്നത്?. നിങ്ങള്‍ ഇതു തുടരുകയാണെങ്കില്‍ താനും രാഷ്ട്രീയം കളിക്കും. നിങ്ങള്‍ക്കായുള്ള മുഴുവന്‍ ഫണ്ടുകളും ഹിന്ദു ജനതയ്ക്ക് ഞാന്‍ നല്‍കും. കുറഞ്ഞത് അവര്‍ക്ക് വികസനമെങ്കിലും ലഭിക്കുമെന്ന് രേണുകാചാര്യ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള് തനിക്കു വോട്ട് ചെയ്തില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ താനവരുടെ വോട്ട് തേടുകയുമില്ല. രാജ്യ പുരോഗതിയില്‍ അവരുടെ സംഭാവന പൂജ്യമാണെന്നും രേണുകാചാര്യ പറഞ്ഞു.
ബിജെപിയെയും ആര്‍എസ്എസിനെയും നിരോധിക്കണമെന്ന ആവശ്യത്തിനെതിരെയും രേണുകാചാര്യ നിലപാട് സ്വീകരിച്ചു. ആര്‍എസ്എസ് ദേശഭക്തിയുള്ള സംഘടനയാണ്. ആരെങ്കിലും ആര്‍എസ്എസിനെ ചോദ്യം ചെയ്താല്‍ മിണ്ടാതിരിക്കാനാവില്ല. തങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും രേണുകാചാര്യ പറഞ്ഞു.