കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടർമാർ അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ ഡോക്ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
സുപ്രീം കോടതി സ്വമേധയാ കേസെടുത്ത സംഭവത്തില്‍ സിബിഐയോട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന വാദം കേള്‍ക്കലിന്റെ ബാക്കിയാണ് ഇന്ന് സുപ്രീം കോടതി പുനരാരംഭിച്ചത്.സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോൾ തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സുപ്രീംകോടതി നടപടികളിൽ പ്രതീക്ഷ ഉണ്ടെന്നാണ് സമരം ചെയ്യുന്ന ഡോക്ടർമാർ അറിയിച്ചത്. സിബിഐ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് അടക്കം പരിശോധിച്ച് ഡോക്ടർമാർ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.
മകളുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് അതിജീവിതയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കുറ്റകൃത്യം നടന്ന സ്ഥലം മാറ്റിമറിച്ചെന്നും സിബിഐ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയായ സഞ്ജയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തില്‍ പങ്കുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.