നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നതിന് തെളിവുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ഇക്കാര്യം തെളിയിക്കാനും സുപ്രീം കോടതി അപേക്ഷകരോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ വീണ്ടും നടത്തുന്നതിലെ ഗുണദോഷങ്ങളെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.
എന്നാൽ, പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.എട്ട് കേന്ദ്രങ്ങളിൽ ചോദ്യങ്ങളുടെ സെറ്റ് മാറ്റിയതായി എൻടിഎ കോടതിയിൽ സമ്മതിച്ചു. ഇവയിൽ ചില കേന്ദ്രങ്ങളിൽ, പരീക്ഷാ സമയത്ത് ചോദ്യാവലി ശേഖരിക്കുകയും ശരിയായ സെറ്റ് ഹാജരാക്കുകയും ചെയ്തു. ഇതിൽ ചില സെൻററുകളിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ തിരികെ വാങ്ങി ശരിയായ സെറ്റ് നല്കി. ചിലയിടങ്ങളിൽ നല്കിയ ചോദ്യസെറ്റിന് അനുസരിച്ച് പരീക്ഷ നടന്നെന്നും ഇതിൻറെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിച്ചെന്നും എൻടിഎ വ്യക്തമാക്കി. റീടെസ്റ്റ് വേണോ എന്നതിൽ കോടതിയിലെ വാദം തുടരുകയാണ്.