ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. പഹല്‍ഗാമിലെ ബൈസാനില്‍ ഉച്ചയ്ക്ക് 2.30ഓടെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരില്‍ 2019 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരക്രമണമാണെന്നാണ് വിലയിരുത്തല്‍. സൈന്യത്തിന് കനത്ത ജാഗ്രത നിര്‍ദ്ദേശം.പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണില്‍ ബന്ധപ്പെട്ടു. കശ്മീരിലേക്ക് പോകാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ് വിവരം. ഏഴ് മണിയോടെ അമിത് ഷാ ശ്രീനഗറിലേക്ക് തിരിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ തന്റെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്റ്സ് ബ്യൂറോയിലേയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥര്‍, എന്നിവരുള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു.