ദില്ലി: നിർഭയ കേസിൽ തനിക്കായി കോടതി നിയമിച്ച അഭിഭാഷകനെ കാണാൻ താത്പര്യമില്ലെന്ന് കുറ്റവാളി പവൻ ഗുപ്ത. അഭിഭാഷകൻ പവൻ ഗുപ്തയെ കാണാനെത്തിയപ്പോഴാണ്, ഇയാൾ വിസമ്മതം അറിയിച്ചതെന്നാണ് വിവരം. ദില്ലി പാട്യാല ഹൗസ് കോടതി നിയമിച്ച അഭിഭാഷകനോടാണ് പവൻ ഗുപ്തയുടെ നിസ്സഹകരണം.
അതിനിടെ വധശിക്ഷ കാത്ത് കഴിയുന്ന നിർഭയ കേസ് പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം നൽകുമെന്ന് തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി. അക്ഷയ്, വിനയ് ശർമ്മ എന്നിവർക്ക് എപ്പോൾ ബന്ധുക്കളെ കാണണമെന്ന് അറിയിക്കാൻ നിർദേശം നല്കി. അതേ സമയം മാനസിക സമ്മർദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിർഭയ കേസിലെ കുറ്റവാളി വിനയ് ശർമ്മ നൽകിയ ഹർജിയിൽ തീഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട് ദില്ലി പട്യാല ഹൗസ്കോടതി ഇന്ന് പരിശോധിക്കും.