സംഭാലിൽ കണ്ടെത്തിയ പുരാതന ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം സ്ഥലത്തെത്തി. ചരിത്രപരമായ വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ എഎസ്ഐ സംഘമെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
വർഗീയ കലാപങ്ങളെ തുടർന്ന് 1978 മുതൽ ക്ഷേത്രം പൂട്ടി കിടക്കുകയായിരുന്നു. 46 വർഷത്തിന് ശേഷം വീണ്ടും തുറന്ന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ നിന്ന് മൂന്ന് വിഗ്രഹങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഎസ്ഐ സംഘമെത്തിയത്. സംഭാൽ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സംഘമെത്തുന്നത്.
ജുമാ മസ്ജിദിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നവംബർ 24-ന് പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ സംഭാലിന് പുറമേ കാശിയിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രം ഒറ്റരാത്രി കൊണ്ട് പ്രത്യക്ഷപ്പെട്ടതല്ലെന്നും നമ്മുടെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവശേഷിപ്പാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്.