പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍സിപിസിആര്‍). ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി നിരന്തരം ശല്യപ്പെടുത്തുകയും കോഴ്സുകള്‍ വാങ്ങിയില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ആദ്യ തലമുറയിലെ പഠിതാക്കളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്സ്കള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23 ന് ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് സമന്‍സ് അയച്ചിരുന്നു. ബൈജുവിന്റെ സെയില്‍സ് ടീം ദുഷ്പ്രവണതകള്‍ നടത്തുന്നുവെന്നെന്ന വാര്‍ത്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് പാനല്‍ നടപടി സ്വീകരിച്ചത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രന് നേതൃത്വം നല്കുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്പന്‍ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓണ്‍ലൈന്‍ ട്യൂഷന് രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. ഇതിനു പിന്നാലെ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബൈജൂസിന്റെ നീക്കം.