ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ ട്രോള്‍. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് തെറ്റായ ഭൂപടം നല്കി ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ശശി തരൂര്‍ പോസ്റ്റ് പിന്‍വലിച്ചു. പകരം പുതിയ പോസ്റ്ററും പോസ്റ്റ് ചെയ്തു. പാക് അധീന കാശ്മീര്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമാകാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ച് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. രാജ്യത്തിന്റെ മേഖലകളല്ല, ജനങ്ങളെ ചിത്രീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ബിജെപിയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ജനവികാരം മാനിച്ച് മാപ്പ് പറയാന്‍ ശശി തരൂര്‍ തയ്യാറാവണമെന്ന് ബിജെപി ഔദ്യോഗിക വക്താവ് സമ്ബിത് പാത്ര ആവശ്യപ്പെട്ടു.