ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. രാജ്യത്ത് ഒരു പേര് മാത്രം ഉയർന്ന് വരാൻ പദ്ധതി കാരണമാകും.
ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങും. ഇന്ത്യക്ക് ഈ ആശയം ആവശ്യമില്ലെന്നും കമലഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യം ജനറൽ അസംബ്ലി മീറ്റിങിൽ ആയിരുന്നു കമൽ ഹാസന്റെ പ്രതികരണം. അതേസമയം കമലഹാസനെ പാർട്ടി ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവതരിപ്പിച്ച ഒരു രാഷ്ട്ര സമ്പ്രദായത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടിന് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും ഉന്നത വൃത്തങ്ങളില്‍നിന്ന് സൂചനകളുണ്ട്. കേന്ദ്രനീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.