ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കുക.ഗംഗാവലി പുഴയിലെ വേലിയിറക്ക സമയത്ത് കൂടുതൽ ഡ്രഡ്ജിങ് ക്രമീകരിക്കും. ഷിരൂരിൽ നിലവിൽ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണുള്ളത്. അർജുന്റെ സഹോദരി അഞ്ജു ഷിരൂരിലെത്തിയിട്ടുണ്ട്.
അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവിടെ വരണം, പുഴയുടെ അടുത്ത് സമയം ചെലവഴിക്കണം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും അഞ്ജു പറഞ്ഞു. ‘എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത് എത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഡ്രെഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ട്. ഒരുപാട് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും കൂടെയുണ്ടായി. എന്തെങ്കിലും ഉത്തരം കിട്ടുമെന്ന് വിചാരിക്കുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ട്. ഈശ്വര്‍ മാല്‍പ്പെയെ പോലുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണയുണ്ട്. എല്ലാവരുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി,’ അഞ്ജു പറഞ്ഞു.
മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെ ഷിരൂരിലെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജർ ദൗത്യമേഖലയിലേക്ക് എത്തിച്ചത്. ഡൈവിങ് സംഘവും ഈശ്വർ മൽപ്പെയും പരിശോധനയ്ക്കെത്തിയിരുന്നു. ഓഗസ്റ്റ് 16നാണ് ഷിരൂരിലെ തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.