സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതിനും അശ്ലീല സന്ദേശങ്ങൾ അയച്ചതിനും ബിജെപി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽപ്രദേശ് ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകൻ്റെ മകളായ ഇരുപതുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റും മുൻ ഡപ്യൂട്ടി സ്പീക്കറുമായ ഹൻസ് രാജിനെതിരെ കഴിഞ്ഞ ഒമ്പതിനാണ് യുവതി പരാതി നൽകുന്നത്. ചമ്പ വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ് തിങ്കളാഴ്ച പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ചിലരുടെ മാനസിക സമ്മർദ്ദവും പ്രേരണയും മൂലമാണ് പരാതിയെന്ന് പെൺകുട്ടി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. അതേസമയം, പ്രാദേശിക മജിസ്ട്രേറ്റിന് മുമ്പാകെ സിആർപിസി 164 വകുപ്പ് പ്രകാരം യുവതി മൊഴി രേഖപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മൊഴിയിൽ വിഷയത്തിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.