കർണാടകയിലെ അങ്കോളയ്ക്ക് അടുത്തുള്ള ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ വീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ അനുകൂലസാഹചര്യം വന്നാൽ തുടരാൻ തയ്യാറെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. പശ്ചിമഘട്ടത്തിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ നദികളുടെ ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. ഒരു മുങ്ങൽ സംഘത്തിന് ഇറങ്ങി തെരച്ചിൽ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും മുങ്ങൽ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
തിരച്ചിലിന് തടസ്സമായി നിൽക്കുന്നത് എന്താണെന്ന് കോടതി ചോദിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും വിശദമായി ഹാജരാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. മരിച്ചവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായമോ അവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തെക്കുറിച്ചുള്ള വിവരങ്ങളോ ഉണ്ടോയെന്ന് കോടതി ചോദിച്ചു.അത് കൂടി ചേർത്ത് പുതിയ റിപ്പോർട്ട് നൽകാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ റിപ്പോർട്ടിൽ എതിർവാദങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ ഹർജിക്കാരോടും കോടതി നിർദേശിച്ചു.