ഹിന്ദു കോളജ് അസോസിയേറ്റ് പ്രഫസര്‍ രത്തന്‍ ലാലിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം. അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ആര്‍ട്ട് ഫാക്കല്‍റ്റിയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. മേഖലയില്‍ കനത്ത പൊലീസ് വിന്യസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ പോസ്റ്റിട്ടതിനാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രഫസര്‍ക്കെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് വിഘാതമായ പ്രവൃത്തികള്‍ ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി രത്തന്‍ ലാലിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലാല്‍ നടത്തിയ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതും പ്രകോപനപരവുമാണെന്ന് അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ പരാതിയില്‍ പറഞ്ഞു.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയ വിഷയം വളരെ വൈകാരിക സ്വഭാവമുള്ളതാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പരാതില്‍ പറയുന്നു.