കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിന്റെ ഭാവി തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കര്‍ഷക സംഘടനകള്‍. മിനിമം താങ്ങു വിലയില്‍ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം നാളെ സിംഗുവില്‍ നടക്കും. സമരത്തില്‍ രക്ത സാക്ഷികളായ കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പാര്‍ലമെന്റിലേക്കുള്ള ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകും. മഹാ പഞ്ചായത്തുകളും റാലികളും തുടരുമെന്ന് ക്രാന്തികരി കിസാന്‍ യൂണിയന് അറിയിച്ചു.
കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും യോഗം അഭിപ്രയപ്പെട്ടു.
സമരം പൂര്‍ണ്ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഇന്ന് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. തുടര്‍ന്ന് നാളെ സിംഗുവില്‍ ചേരുന്ന സംയുക്ത സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും.
ഒരു വര്‍ഷം നീണ്ടു നിന്ന കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.