ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തുന്നതിനും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുമുള്ള കൂടിയാലോചനകള്‍ക്കായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മറ്റു കക്ഷികളുമായി നടത്തിയ ആശയവിനിമയങ്ങള്‍ സംബന്ധിച്ച് മമത ബാനര്‍ജിയുമായി ചന്ദ്രബാബു നായിഡു സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമ്പോള്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യം അദ്ദേഹം അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യത പാലിക്കണമെന്നും അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന ശേഷം ചന്ദ്രബാബു നായിഡു വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ചന്ദ്രബാബു നായിഡു ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. അഖിലേഷ് യാദവ്, മായാവതി, ശരത് യാദവ്, അരവിന്ദ് കെജ്രിവാള് തുടങ്ങിയവരുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.