ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഈ മാസം 22ലേക്ക് നീട്ടി. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാല്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായിട്ടാണ് അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ അഭിഭാഷകന് രവി പ്രകാശ് രംഗത്തെത്തിയത്. ബ്രിട്ടീഷ് പൗരനാണെന്നാണ് രാഹുല്‍ നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിരിക്കുന്നതെന്ന് ധ്രുവ് ലാലിന്റെ അഭിഭാഷകന് പറഞ്ഞു. ഇന്ത്യക്കാരനല്ലാത്തൊരാള്‍ക്ക് ഇന്ത്യയിലെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. രാഹുലിന്റെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തിയോ ലാഭവിവരമോ വ്യക്തമല്ലെന്നും അഭിഭാഷകന് ആരോപിക്കുന്നു.