ന്യൂഡല്‍ഹി: തന്റെ മകളുടെ ആത്മാവിന് നീതി കിട്ടിയെന്ന് നിര്‍ഭയയുടെ മാതാവ് ആശ ദേവി. ഏഴു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെന്നും ആശ ദേവി പറഞ്ഞു. എന്റെ മകള്‍ ഈ ലോകം വിട്ടു പോയി. ഇനി തിരിച്ചു വരാനും പോകുന്നില്ല. അവള്‍ക്ക് വേണ്ടി നീതി നടപ്പാക്കപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള നീതിയാണ്. വധശിക്ഷ നടപ്പാക്കിയ നേരത്ത് മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചു. നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പോരാട്ടം തുടരും. ഇന്നത്തെ ദിവസം വനിതകളുടേതെന്നും ആശ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.