ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ മാനസിക വിഭ്രാന്തി കാട്ടുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 16ന് വിനയ് ശര്‍മ്മ തലക്ക് സ്വയം പരിക്കേല്പ്പിച്ചുവെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. സെല്ലിനുള്ളിലുള്ള ചുമരില്‍ തല ആഞ്ഞിടിച്ചുകൊണ്ടാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. പ്രതിയുടെ കൈയ്ക്കും പരിക്കുള്ളതായി പറയപ്പെടുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇയാളുടെ പരിക്ക് നിസാരമാണെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടതിനാല്‍ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകന് ഈയാഴ്ച കോടതിയെ അറിയിച്ചിരുന്നു. വിനയ് ഗുരുതര മാനസികരോഗ ബാധിതനാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരുന്നു.
വിനയ്ക്ക് സ്വന്തം അമ്മയെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും അതുകൊണ്ട് അയാളെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്പ്പെടുത്തണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് ശിക്ഷ നടപ്പാക്കണമെന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുന്‍പ് രണ്ട് തവണ മാറ്റി വച്ചിരുന്നു.