സംഭാലിൽ അനധികൃത കയ്യേറ്റങ്ങൾ തടയനായി നടത്തിയ റെയ്ഡുകൾക്കിടെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വൈദ്യുതി മോഷണവും. റെയ്ഡിന് പിറ്റേന്ന് സംഭാലിൽ നിന്ന് 4 പള്ളികളും ഒരു മദ്രസയും ചേർന്ന് 1.3 കോടി രൂപയുടെ വൈദ്യുതി മോഷണം നടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച പുലർച്ചെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് വൈദ്യുത മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് സംഭാൽ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. പിന്നാലെ പൊലീസ്, ജില്ലാ ഭരണകൂടം , യുപി പവർ കോർപ്പറേഷൻ എന്നിവർ സംയുക്തമായി പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് മോഷണത്തിന്റെ വ്യാപ്തി വ്യക്തമായത്.
നാല് മസ്ജിദുകളും ഒരു മദ്രസയും ചേർന്ന് വൈദ്യുതി കമ്പിയിൽ വയർ ഘടിപ്പിച്ച് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് സമീപത്തെ 100 വീടുകൾക്ക് വൈദ്യുതി നൽകിയതായാണ് കണ്ടെത്തിയത്. സമാന്തര വൈദ്യുതി കണക്ഷൻ വഴി 1.3 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. വൈദ്യുതി മോഷ്ടിക്കുന്നതിൽ അതീവ ബുദ്ധിശാലികളാണ് ഇവരെന്ന് റെയ്ഡിനിടെയാണ് മനസിലായതെന്നും ഇങ്ങനെയും വൈദ്യുതി മോഷ്ടിക്കാമെന്ന് ആദ്യമായാണ് അറിയുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മീറ്ററോ മറ്റോ ഇല്ലാതെ വൈദ്യുതി പോസ്റ്റിൽ നിന്ന് നേരിട്ടായിരുന്നു കണക്ഷനെടുത്തിരുന്നത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇവിടെ ക്ഷേത്രം കണ്ടെത്തിയിരുന്നു. ഇതിന് സമീപമായിട്ടാണ് മദ്രസ കേന്ദ്രീകരിച്ച് പവർ ഹൗസ് തന്നെ നിർമിച്ചിരിക്കുന്നത്.