ന്യൂഡല്‍ഹി: ലോക്സഭയില്‍ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളുടെ അധ്യക്ഷ പദവിയാണ് കോണ്‍ഗ്രസിന് നല്കാന് ധാരണയായത്. പാര്‍ട്ടി എം.പിമാരുടെ എണ്ണം നൂറിനടുത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പാര്‍ലമെന്റ് വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനാകും. ഇതിനായുള്ള ശിപാര്‍ശ കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കര്‍ക്ക് നല്കി.
ചരണ്‍ജിത് സിങ് ഛന്നി കൃഷിമന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷനാകും.
നേരത്തെ ഒന്നാം മോദി സര്‍ക്കാറിന്റെ തുടക്ക കാലത്ത് ശശി തരൂര്‍ വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയിരുന്നു. പിന്നീട് ഐ.ടി മന്ത്രാലയത്തിന്റെയും രാസവള മന്ത്രാലയത്തിന്റെയും ചുമതല നല്‍കിയിരുന്നു.
വിദേശകാര്യത്തിനും കൃഷിക്കും പുറമെ ഗ്രാമവികസന സ്റ്റാന്റിങ് കമ്മിറ്റിയും കോണ്‍ഗ്രസിനു ലഭിക്കും. രാജ്യസഭയില്‍നിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റിയും കോണ്‍ഗ്രസിനു ലഭിക്കും. ഒഡിഷയില്‍നിന്നുള്ള എം.പിയായ സപ്തഗിരി ഉലാക്ക ഗ്രാമവികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാകും. രാജ്യസഭയില്‍ ദിഗ്വിജയ് സിങ്ങായിരിക്കും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനാകുക.