സിവിൽസർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി.ഇതുസംബന്ധിച്ച നോട്ടീസ് കമ്മിഷൻ പുറത്തുവിട്ടു. പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങൾ പൂജ വ്യാജമായി ചമച്ചുവെന്ന് കണ്ടെത്തിയതായും യു.പി.എസ്.സി. അറിയിച്ചു.2022ലെ പരീക്ഷാഫലം റദ്ദാക്കാതിരിക്കുള്ള കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് പൂജക്ക് നോട്ടിസ് അയച്ചു. ഭാവിയിൽ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി. വ്യാജരേഖ കേസിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും പൊലീസിന് നിർദേശം നൽകി.
ഈ അന്വേഷണത്തിൽനിന്നും പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതായി യു.പി.എസ്.സി. അറിയിച്ചു.സിവില്‍സര്‍വീസ് പരിക്ഷയില്‍ ആദ്യം ഐആര്‍എസും പിന്നീട് ഐഎഎസും നേടിയ ആളാണ് മഹാരാഷ്ട്ര വഷീം ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ പൂജ ഖേദ്കര്‍. സിവില്‍ സര്‍വീസ് ലഭിക്കാനുള്ള സംവരണത്തിനായി വിവിധ കാലയളവില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് ഇപ്പോഴത്തെ ആരോപണം. കാഴ്ച പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിൽ നിന്നും പൂജ സർട്ടിഫിക്കറ്റ് നേടിയിരുന്നു.