പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്.കേക്കും പൂക്കളും വാദ്യമേളങ്ങളുമായാണ് എ ഐ സി സി ആസ്ഥാനത്ത് പ്രവർത്തകർ രാഹുലിനെ വരവേറ്റത്. ആർപ്പുവിളികൾക്കിടെ പ്രവർത്തകരിലേക്ക് എത്തി രാഹുൽ ആശംസകള്‍ ഏറ്റുവാങ്ങി. രാഹുലിന്റെ പിറന്നാൾ പ്രമാണിച്ച് രാവിലെ മുതൽ നൂറുകണക്കിന് പ്രവർത്തകരാണ് എഐസിസി ആസ്ഥാനത്തെത്തിയത്.
രാഹുൽ ഗാന്ധിയുടെ 54ആം പിറന്നാളാണ് ഇന്ന്. 1970 ജൂണ്‍ 19നാണ് ജനനം. സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവർ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേർന്നു- “എപ്പോഴും എന്റെ സുഹൃത്ത്, സഹയാത്രികൻ, വഴികാട്ടി, തത്ത്വചിന്തകൻ, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, സ്നേഹം” എന്നാണ് പ്രിയങ്ക കുറിച്ചത്. യോഗം കഴിയുംവരെ രാഹുലിനായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കാത്തു നിന്നു. നഷ്ടപ്രതാപത്തിൽ നിന്ന് കോൺഗ്രസിന്റെ തിരിച്ചുവരവും,പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവും 54 ആം പിറന്നാൾ രാഹുലിന് ഇരട്ടിമധുരമാകും.