ഡെറാഡൂൺ: പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ മകൾ മഴു കൊണ്ട് വെട്ടിക്കൊന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്കോട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. 26 കാരിയായ മകളാണ് തന്റെ പിതാവിനെ വെട്ടിക്കൊന്നത്.
ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം യുവതി വീട്ടിലെത്തിയത്. രാത്രി പരിപാടി കഴിഞ്ഞ് ഇവർ ഉറങ്ങിയപ്പോഴാണ് 51കാരനായ പിതാവ് മുറിക്കകത്തേക്ക് എത്തിയത്. ഇയാൾ യുവതിയുടെ മേലേക്ക് ചാടിവീണെന്നാണ് അയൽവാസിയുടെ മൊഴി. ഞെട്ടിയുണർന്ന യുവതി എതിർക്കാൻ ശ്രമിച്ചെങ്കിലും പിതാവ് കൂടുതൽ ബലം പ്രയോഗിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ അച്ഛനും മകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇയാൾ പറഞ്ഞിട്ടുണ്ട്.
ബലപ്രയോഗത്തിനിടയിൽ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് യുവതി അച്ഛനെ തുടർച്ചയായി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചോരയിൽ കുളിച്ച് കിടക്കുന്ന അച്ഛനെയാണ് കണ്ടത്. ബന്ധുക്കൾ ചോദിച്ചപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കാര്യം മകൾ പറഞ്ഞത്.
വിവാഹിതയായ മകളെ റവന്യു പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നോയെന്ന കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. റവന്യു പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് ഉടൻ തന്നെ ഉത്തരാഖണ്ഡ് പൊലീസിന് കൈമാറുമെന്നാണ് വിവരം.