ദില്ലി : ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം.
ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഏറെ നിർണായകമായ തീരുമാനമാണ് ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇതോടുകൂടി, 2026 ലെ ഇലക്ഷനിലേക്കാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം നടപ്പിലാക്കാൻ ബിജെപി സർക്കാർ ലക്ഷ്യം വെക്കുന്നത്.
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്.