ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ തിങ്കളാഴ്ച നടത്തിയ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാര് മരിച്ചു. പരിക്കേറ്റ ആറ് ജവാന്മാര് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ഗ്രാമീണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ തീവ്രവാദികള്‍ മറ്റൊരു വാഹനത്തില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം.
പുല്‍വാമയില്‍ ഫെബ്രുവരി 14ന് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. ഇവിടെനിന്ന് 27 കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞദിവസം സ്ഫോടനമുണ്ടായത്.
പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തില്‍ ഭീകരാക്രമണത്തിന് നീക്കമുണ്ടെന്ന് കഴിഞ്ഞദിവസം പാകിസ്താന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനാണ് പാകിസ്താന് വിവരം കൈമാറിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.