കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന്റെ ഭാഗമായാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ മോദി യോഗത്തിന് വിളിച്ചിരിക്കുന്നത്. ഏതാണ്ടെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പശ്ചിമ ബംഗാളിലുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷത്തിന്റെയും ഡോക്ടര്‍മാരുടെ സമരത്തിന്റെയും പശ്ചാത്തലത്തിലാണ് യോഗത്തില്‍ നിന്നും മമത വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.
ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ് എന്ന മോദിയുടെ പദ്ധതിക്ക് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തില്‍ മമത വ്യക്തമാക്കി. ഇത്രയും ഗൗരവകരമായ പ്രശ്നത്തെക്കുറിച്ച് ആലോചിക്കാന്‍ വളരെ കുറച്ച് സമയം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് വിദഗ്ദ്ധരും പാര്‍ട്ടി പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടണം. ഇതിനായി എല്ലാവര്ക്കും ഒരു വെള്ള പേപ്പര്‍ കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ നീതി ആയോഗിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനും താന്‍ എത്തില്ലെന്ന് മമത നിലപാട് എടുത്തിരുന്നു.