രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്. വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേ സമയത്ത് നടത്തുന്നതാണ് ബില്ലിലെ വ്യവസ്ഥ. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോക്സഭയിൽ എത്തിയത്.
ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ 2034 വരെ നടക്കില്ല. ഭരണഘടനയിലെ 82ാം വകുപ്പ് (A)(ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക) കൂട്ടിച്ചേർക്കാനും 83(പാർലമെന്റ് സഭകളുടെ കാലാവധി), 172, 327 വകുപ്പുകൾ(നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉണ്ടാക്കാനുള്ള പാർലമെന്റിന്റെ അധികാരം) ഭേദഗതി ചെയ്യാനും ബിൽ നിർദേശിക്കുന്നു. ഇതിൽ നാല് ഭേദഗതികളാണ് വ്യവസ്ഥ ചെയ്യുന്നത്.
2029ൽ ലോക്സഭ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. ലോക്സഭയുടെ കലാവധി തീരുന്നതിന് ഒപ്പം സംസ്ഥാന നിയമസഭകളുടെയും കലാവധി തീരുന്നതായി രാഷ്ട്രപതി വിജ്ഞാപനം ഇറക്കുന്നതടക്കമുള്ളവയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിൽ നടത്തുന്നതാണ് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബില്ല്. നിലവിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് കഴിഞ്ഞതിനാൽ ഇനി 2029-ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആദ്യ ലോക്സഭാ സിറ്റിങ്ങിന്റെ നിയമനതീയതി വിജ്ഞാപനം ചെയ്യാനാകൂ. 2034-ൽ മാത്രമേ നിയമസഭയിലേക്കും പാർലമെന്റിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാകുകയുള്ളുവെന്നാണ് അതിനർത്ഥം.
82 എ (1) എന്ന പുതിയ വ്യവസ്ഥ പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്സഭയുടെ ആദ്യ സിറ്റിങ്ങിന്റെ തീയതി രാഷ്ട്രപതി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ‘നിയമന തീയതി’ എന്നാണ് ഇത് അറിയപ്പെടുക. 82 എ (2) എന്ന വ്യവസ്ഥ പ്രകാരം പ്രസ്തുത ‘നിയമന തീയതി’ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭകൾക്കും അടുത്ത പാർലമെന്ററി തെരഞ്ഞെടുപ്പു വരെ മാത്രമേ കാലാവധി ഉണ്ടാകുകയുള്ളു. അതായത് അവയുടെ കാലാവധി വെട്ടിച്ചുരുക്കപ്പെടും. രണ്ട് ഘട്ടങ്ങളായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളും രണ്ടാം ഘട്ടത്തിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും.