ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകള്‍ മരിച്ചു. ബിജെപിയുടെ പ്രയാഗ്രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രയാഗ് രാജില്‍ വച്ചാണ് 8വയസുകാരി കിയ മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെ അപകടമുണ്ടായി അറുപത് ശതമാനം പൊള്ളലേറ്റ കിയ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനിരിക്കെയാണ് കിയ മരണത്തിന് കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കിയയുടെ അമ്മയുടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. പടക്കത്തിന്റെ ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചില് ആരും കേട്ടില്ല. അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷമാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ഉടന്‍തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എയര്‍ ആംബുലന്‍സ് വഴി ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റിരുന്നു. റീത്ത ബഹുഗുണ ജോഷിയുടെ ഏകമകന് മയാങ്കിന്റെ ഏകപുത്രിയായിരുന്നു കിയ.