ലക്നൗ: ബറേലിയിൽ മൺകുടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ദത്തെടുക്കാമെന്ന് ബിജെപി എംഎൽഎ രാജേഷ് മിശ്ര. കഴിഞ്ഞ വ്യാഴാഴ്ച പ്രസവത്തോടെ മരിച്ച തന്റെ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യുന്നതിനു കുഴിയെടുക്കവെ ഹിതേഷ്കുമാർ എന്ന വ്യാപാരിയാണ് കുഴിക്കുള്ളിൽ മൺകുടത്തിൽ അടച്ച നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.
1.1 കിലോ ഭാരം മാത്രമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 5 ദിവസം മാത്രം പ്രായമേ ഉള്ളൂവെന്നു ഡോക്ടർമാർ പറയുന്നു. പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല.
‘കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് അടിയന്തര കാര്യം. എല്ലാ ചികിത്സയും നൽകാൻ ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ട്. അതിനുശേഷം നിയമനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ സ്വീകരിക്കും.’– രാജേഷ് പറഞ്ഞു. ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിൽ മകൾ സാക്ഷിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞയാളാണ് രാജേഷ്. പിതാവിനെതിരെ സാക്ഷി പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.