ഹൈദരാബാദ് : ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാത്ത പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദ് വിമോചന ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948 സെപ്റ്റംബര്‍ 17-ന് നിസാം ഭരണത്തില്‍ നിന്ന് ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ തെലങ്കാനയിലെ പാര്‍ട്ടികള്‍ വിമോചന ദിനം ആഘോഷിക്കാന്‍ മടിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അത് സാധ്യമാക്കിയ നേതാക്കള്‍ കാരണമാണ് യഥാര്‍ത്ഥത്തില്‍, ഇന്ന് നമുക്ക് ഹൈദരാബാദും തെലങ്കാനയും അവകാശപ്പെടാന്‍ കഴിയുന്നത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഒരു സര്‍ക്കാരും ചരിത്രപ്രസിദ്ധമായ ഹൈദരാബാദ് വിമോചനദിനം ആഘോഷിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
‘ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷവും ക്രൂരനായ നിസാം 399 ദിവസം സംസ്ഥാനം ഭരിച്ചു. ഈ 399 ദിവസം തെലങ്കാനയിലെ ജനങ്ങള്‍ പീഡനം ഏറ്റുവാങ്ങി. നാണൂറാം ദിവസം സര്‍ദാര്‍ പട്ടേല്‍ സംസ്ഥാനത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു. വിവിധ സംഘടനകള്‍ ഈ പോരാട്ടത്തിനായി മുന്നിട്ടിറങ്ങിയിരുന്നു’ സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
ഹൈദരാബാദിന്റെ വിമോചനത്തിന് രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ഷാ അംഗീകാരം നല്കി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കാരണമാണ് നിസാമിന്റെ സായുധ സേന കീഴടങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷന് റെഡ്ഡിയും ചടങ്ങില്‍ സംസാരിച്ചു. 1948 സെപ്തംബര്‍ 17-ന് അവസാനിച്ച ‘ഓപ്പറേഷന് പോളോ’ എന്നറിയപ്പെടുന്ന പോലീസ് നടപടിയെ തുടര്‍ന്നാണ് നിസാമിന്റെ ഭരണത്തിന് കീഴിലായിരുന്ന ഹൈദരാബാദ് സംസ്ഥാനം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്.