കോണ്‍ഗ്രസ് നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷവാനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി.റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കും അമേഠിയിൽ കിഷോരി ലാൽ ശർമ്മയ്ക്കും വേണ്ടി പ്രചരണം നടത്തുന്നതിനിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.രാഹുൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നാൽ സന്തോഷവാനാവുമോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് ഇൻഡ്യ സഖ്യമാണ് എന്നായിരുന്നു മറുപടി.
“ഒരു സഹോദരിയെന്ന നിലയിൽ, എൻ്റെ സഹോദരൻ സന്തോഷത്തോടെയിരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു” രാഹുലിനെ ഇന്‍ഡ്യ സഖ്യം പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താല്‍ സന്തോഷിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക. രാഹുല്‍ പ്രധാനമന്ത്രിയാകുന്ന കാര്യം ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയതിനു ശേഷം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുപിയില്‍ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് അഭിമാനപോരാട്ടമാണ്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖം ആരാണെന്ന് ഇതുവരെ ഇന്‍ഡ്യ സഖ്യം വെളിപ്പെടുത്തിയിട്ടില്ല. ഗാന്ധി കുടുംബത്തിന്റെ കോട്ടയായി റായ്ബറേലിയില്‍ നിന്നോ അമേഠിയില്‍ നിന്നോ പ്രിയങ്ക തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.